ചുവരിലൊരുക്കാം പൂന്തോട്ടം!


വീടിനു മുമ്പില്‍ പൂമ്പാറ്റയും തുമ്പിയും തേനുണ്ണും വണ്ടുകളും പാറി നടക്കുന്ന പൂന്തോട്ടങ്ങള്‍ അന്യമായി. വിശാലമായ മുറ്റം എന്നത് ത്രീഡി ഇമേജായപ്പോള്‍ പൂന്തോട്ടങ്ങള്‍ ചുവരിലേക്കും അകത്തളത്തേക്കും ചുവടുമാറി. മൂന്നുസെന്റില്‍ ഒരു വീട്, അല്‌ളെങ്കില്‍ ഏതാനും സ്‌ക്വയര്‍ ഫീറ്റിലൊതുങ്ങുന്ന ഫ്‌ളാറ്റ് …ഇവിടെ ഒതുങ്ങുന്നു പുതിയ കാലത്തെ വീടുകളുടെ വിശാലത. പൂമ്പാറ്റയും തുമ്പികളും തേന്‍കുരുവികളും പാറിനടക്കുന്ന വര്‍ണാഭമായ പൂന്തോട്ടങ്ങള്‍ പല വീട്ടുകാരുടെയും മനസില്‍ മാത്രം ഒതുങ്ങി.

ഇത്തിരി പോന്ന മുറ്റത്ത് കാറോ ബൈക്കോ പാര്‍ക്ക് ചെയ്യുമോ പൂന്തോട്ടം തീര്‍ക്കുമോ എന്ന ആശങ്കക്ക് ഫുള്‍സ്റ്റോപ്പിട്ടാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ എന്ന ആശയം ട്രെന്‍ഡായത്. ചെടികളും വള്ളിപടര്‍പ്പുകളും ചേര്‍ന്ന് അകത്തളത്തോ ചുവരിലോ ഹരിതഭംഗി നല്‍കി സ്മാര്‍ട്ട് ആക്കുകയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍. ചെറിയ സ്‌പേസില്‍ ചെടികളുടെ കൂടുതല്‍ ശേഖരമുണ്ടാക്കാം എന്നതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ മേന്മ. ഒരു സ്വയര്‍ഫീറ്റില്‍ കുറഞ്ഞത് പത്തോ പതിനഞ്ചോ ചെടികള്‍ വെക്കാനാവും. വിവിധ ഇനത്തിലുള്ള ചെടികള്‍ വെക്കാന്‍ കഴിയുമെന്നതും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്.


വീടിന്റെ പുറംചുമരു തൊട്ട് അകത്തളത്തുവരെ പരീക്ഷിക്കാവുന്ന പൂന്തോട്ടമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. ഇത് ബയോവാള്‍, ഗ്രീന്‍ വാള്‍ തുടങ്ങിയ പേരുകളിലുംഅറിയപ്പെടുന്നുണ്ട്. ലംബമായി ചെടികളെ ക്രമീകരിക്കുന്ന രീതിയാണിത്. വീട്ടല്‍ പൂന്തോട്ടത്തിന് സ്ഥലമില്‌ളെങ്കിലും പച്ചപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്വന്തമാക്കാം. അനാകര്‍ഷകമായ ഭിത്തികളും പ്രതലങ്ങളും മറയ്ക്കുന്നതിനും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സഹായിക്കും. ചുവരിലൊരുക്കുന്ന പൂന്തോട്ടത്തില്‍ പൂച്ചെടികളും അലങ്കാരചെടികളും മാത്രല്ല പച്ചക്കറികളും മരുന്നു ചെടികളും വരെ വളര്‍ത്താം.

നഗരത്തില്‍ ഹരിതജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നല്ല ആശയം തന്നെയാണ്. വീടിനുള്ളിലും പുറത്തും ഇത് ശുദ്ധവായുവിന്റെ ലഭ്യത കൂട്ടും. പ്രത്യേകം തയാറാക്കിയ സ്റ്റാന്‍ഡുകളിലാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്നത്. മൂന്ന് ചെടിച്ചട്ടികള്‍ ചേരുന്ന മൊഡ്യൂളുകളിലാണ് ചെടികള്‍ നടുക. മുറിയുടെ വലിപ്പം, ഇന്റീരിയര്‍ ഭംഗി എന്നിവ നോക്കി മൊഡ്യൂളുകളുടെ എണ്ണം കൂട്ടാം. ചട്ടികളില്‍ ചകിരിച്ചോറ് നിറച്ച മിശ്രിതത്തിലാണ് ചെടികള്‍ നടേണ്ടത്. സിങ്കോണിയം, ഡ്രസീനിയ, ബ്രോമിലാക്‌സ് എന്നിങ്ങനെയുള്ള ചെടികള്‍ അകത്തളങ്ങളെ കൂടുതല്‍ മനോഹരമാക്കും. ആകര്‍ഷകമായ ഡിസൈന്‍ കടലാസില്‍ തയാറാക്കിയശേഷം അതേപടി മൊഡ്യൂളിലേക്ക് പകര്‍ത്താം. ഒരേയിനം ചെടികള്‍ ആവശ്യാനുസരണം ഒരുമിച്ച് കൂടിച്ചേര്‍ന്നിരുന്നാല്‍ മാത്രമേ ആകര്‍ഷകനിറം ലഭിക്കുകയുള്ളു.


വീടിന്റെ ഭാഗങ്ങളായ നടുമുറ്റം, പാഷിയോ, ടെറസ്, റൂഫ്‌ടോപ് എന്നിവിടങ്ങളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്ക് കൂടുതലായി ചെയ്യുന്നത്. സൂര്യപ്രകാശം കടക്കുന്ന തുറസ്സായ ഇത്തരം സ്ഥലങ്ങളില്‍ പ്രകാശത്തിനു കുറവുണ്ടാകില്ല എന്നതാണു സൗകര്യം. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ക്രമീകരിക്കുന്നത് അകത്തളത്തില്‍ എവിടെയുമാകാം. ഫ്‌ളാറ്റിലെ ഹാളുകള്‍ വേര്‍തിരിക്കാന്‍ കര്‍ട്ടനുപകരം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ തെരഞ്ഞെടുക്കാം.

വീടകങ്ങളില്‍ സൂര്യപ്രകാശം കിട്ടാത്തയിടങ്ങളിലേക്ക് മെറ്റല്‍ ഹാലൈഡ് പ്രകാശമാണ് ഉപയോഗിക്കുന്നത്. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ബെഡിലേക്ക് നേരിട്ട് പ്രകാശം ചൊരിയുന്ന ീതിയില്‍ ക്രമീകരിക്കുകയും ചെയ്യാം. നമ്മുടെ കാലാവസ്ഥയ്ക്കു ചേരുന്ന ഏതു തരം ചെടികള്‍ വേണമെങ്കിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതിയില്‍ വളര്‍ത്താം. കൂടുതല്‍ പൊക്കത്തില്‍ പോകാത്ത ‘ട്രിം’ ചെയ്തു പരിപാലിക്കണം എന്നു മാത്രം. പാതി തണല്‍ കിട്ടുന്ന സ്ഥലങ്ങളില്‍ വിവിധ വര്‍ണങ്ങളിലുള്ള അലങ്കാരയില ചെടികള്‍ വളര്‍ത്താവുന്നതാണ്. സ്വാഭാവികമായി മുകളിലേക്ക് പടര്‍ന്നുകയറി വളരുന്ന അലങ്കാരച്ചെടികള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളില്‍ വളര്‍ത്താന്‍ യോജിച്ചവയാണ്.
ഗാര്‍ഡന്‍ ഉയരം കുറവാണെങ്കില്‍ ഹോസ് ഉപയോഗിച്ച് നനയ്ക്കാം. മൊഡ്യൂളിനൊപ്പം ഡ്രിപ് സംവിധാനം പിടിപ്പിച്ച് തുള്ളിനനയിലൂടെയും ചെടികള്‍ നനക്കാം. ഇന്റീരിയറില്‍ ക്രമീകരിക്കുന്ന ഗാര്‍ഡനിലെ ചെടികള്‍ക്ക് നല്ല പരിചരം ആവശ്യമാണ്. ചെടികളുടെ ഇലകള്‍ക്ക് നല്ല നിറം ലഭിക്കാന്‍ ഓര്‍ഗാനിക് ന്യൂട്രിയന്‍സ് മിക്‌സുകള്‍ ഇട്ടുകൊടുക്കണം. കീടങ്ങള്‍ വരാതിരിക്കാനുള്ള മിക്‌സുകളും നല്‍കാം.

സാധാരണ പൂന്തോട്ടങ്ങളുടെ ഭാഗമായും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ ഒരുക്കാം. അകത്തളത്ത് ഹാളുകള്‍ വേര്‍തിരിക്കാനും ഇത് ഉപയോഗിക്കാം. സ്‌പേസ്, സൂര്യപ്രകാശത്തിന്റെ ലഭ്യത, ഇന്റീരിയര്‍ ഭംഗി എന്നിവ നോക്കി വേണം ഇന്റീരിയറില്‍ ഗാര്‍ഡന്‍ വെക്കുന്നത്. അകത്തളത്തിന്റെ ഹരിതസൗന്ദര്യം വര്‍ധിപ്പിക്കുന്നതോടൊപ്പം ഉള്ളിലെ ചൂട് കുറക്കുന്നതിനും വായു സഞ്ചാരം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
കടപ്പാട്: മാധ്യമം ഗൃഹം

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!