വരന്‍ ഒരുക്കിയ കല്ല്യാണവീട്

ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങളിലൊന്നാണ് വിവാഹം. അതുകൊണ്ടു തന്നെ വരനും വധുവും വീട്ടുകാരുമൊല്ലാം വിവാഹത്തിനായി ഒരുങ്ങാറുണ്ട്. ഈ ഒരുക്കത്തിനിടയില്‍ വീടിനെ കൂടി ഒരുക്കിയെടുത്താല്‍ എങ്ങനെയിരിക്കും. സംഗതി കലക്കി,പൊളിച്ചു എന്നൊക്കെ ഈ വീടിന്റെ ഇന്റിരീയര്‍ വിശേഷങ്ങള്‍ കണ്ടാല്‍ എല്ലാവരും പറയും. അത്രക്കു സുന്ദരമാണ് ആര്‍കിടെക്ട് മാത്തപ്പന്‍ തന്റെ വിവാഹത്തിനു വേണ്ടി ഒരുക്കിയെടുത്ത വീടിന്റെ ഇന്റീരിയര്‍.

ആറേഴു വര്‍ഷം മുമ്പ് അച്ചന്‍ പണിത വീടാണ് മാത്തപ്പന്‍ മാറ്റിയെടുത്തത്. വരാന്തയും നടുമുറ്റവുമുള്ള വീട് കന്റംപ്രറി ശൈലിയിലേക്കാണ് മാറ്റിയെടുത്തിരിക്കുന്നത്.

എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.വരാന്തയുടെ ഒരു ഭാഗം ഡൈനിങ് ഹാളിന്റെ ഭാഗമായി എന്നതാണ് ആകെ വന്ന മാറ്റം. കൂടാതെ പെയിന്റിംഗ് നടത്തി മനോഹരമാക്കുകയും ചെയ്തു. ലാന്‍ഡ് സ്‌കേപിങ് ചെയ്തു മുറ്റം ഭംഗിയാക്കിയിട്ടുണ്ട്.

പുതുക്കിപ്പണിതതോടെ ലിവിങ്ങ് റൂമിന്റെ ലുക്ക് ആകെത്തന്നെ മാറിയെന്നു പറയാം. പണ്ട് ചെറിയൊരു സ്ഥലത്ത് ഒതുങ്ങിയിരുന്ന ലിവിങ് ഹാളില്‍ ഇപ്പോള്‍ യഥേഷ്ടം സ്ഥലം ലഭിക്കുന്നു. ഇവിടെയുണ്ടായിരുന്ന കിടപ്പുമുറിയുടെ വാതില്‍ കുറച്ചപ്പുറത്തേക്ക് മാറ്റി.

ലിവിങ്ങിനും ഡൈനിങിനും ഇടക്ക് ചെറിയൊരു കോര്‍ട്ട് യാര്‍ഡ് നല്‍കിയിട്ടുണ്ട്.

പഴയ ലിവിങ് റൂമിന്റെ സ്ഥാനത്താണ് ഡൈനിങ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് ഡൈനിങ് സജ്ജീകരിച്ചിരിക്കുന്നത്. സിറ്റൗട്ടിന്റെ ഒരു ഭാഗം ഡൈനിങിന്റെ ഭാഗമായ ഇന്റേണല്‍ കോര്‍ട്ട് യാര്‍ഡ് ആക്കി മാറ്റിയെടുത്തു. ഇവിടെ വാഷ് ബേസിന്‍ നല്‍കി.

ഡൈനിങിന് സ്ഥാനമാറ്റം വന്നതോടെ അടുക്കളയുടെ വാതിലിനും സ്ഥാനമാറ്റം വന്നു. പഴയ വാതില്‍ മാറ്റി അവിടം ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ നല്‍കി. ബ്രേക്ഫാസ്റ്റ് കൗണ്ടറിനും കോര്‍ട് യാര്‍ഡിനുമിടയില്‍ വെനീര്‍ ഒട്ടിച്ച തൂണുകള്‍ നല്‍കിയിട്ടുണ്ട്. വെനീഷ്യന്‍ ബ്ലൈന്‍ഡ് കൊണ്ട് അടുക്കളയും ലിവിങ് റൂമുമായുള്ള ബന്ധം വിച്ചേദിച്ചു.

നാലു ബെഡ് റൂമുകളാണ് ഈ വീട്ടിലുള്ളത്. താഴത്തെ രണ്ടു കിടപ്പുമുറകളുടെ മേലെ രണ്ടു കിടപ്പുമുറികള്‍ വരുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വളരെ സുന്ദരമായാണ് കിടപ്പുമുറകളെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കിടപ്പു മുറിക്കും ബാത്തറൂമും വോക്ക് ഇന്‍ വാഡ്രോബും നല്‍കിയിട്ടുണ്ട്. വളരെ വിദഗ്ദമായി വിന്യസിച്ചിരിക്കുന്ന ഇന്‍ഡയരക്ട് ലൈറ്റിംഗ് കിടപ്പുമുറികളെ പ്രകാശപൂരിതമാക്കുന്നു.

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!