വീടുപണി ചിലവ് എങ്ങിനെ കുറക്കാം

വീടുപണി ഡോട്ട്‌കോമിലേക്ക് വരുന്ന അന്വേഷണങ്ങളിലധികവും എങ്ങിനെ വീടുപണിയുടെ ചിലവ് കുറക്കാം അല്ലെങ്കില്‍ എങ്ങിനെ ചിലവുകുറഞ്ഞ ഒരു വീടുപണിയാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ഉണ്ടാവാറ്. അത്ഭുകരമെന്ന് പറയട്ടെ, വീടുവെക്കാനിറങ്ങുന്ന മലയാളികളിലധികവും വീടുനിര്‍മാണത്തെക്കുറിച്ച് ഒന്നും പഠിക്കാതെയാണ് ഇതിന് വേണ്ടി മുന്നിട്ടിറങ്ങുന്നത്. ഒരുക്കൂട്ടിയ സമ്പാദ്യമെല്ലാം മറ്റുപലരുടെയും ആശയങ്ങള്‍ക്കും അഭിപ്രായത്തിനും പ്രാധാന്യം നല്‍കി നശിപ്പിച്ചുകളയുകയാണ് മലയാളി ചെയ്യുന്നത്.അവസാനം കാശ് പൊടിപൊടിച്ചിട്ടും വീട് വിചാരിച്ചത്ര നന്നായില്ല, കുറെ സ്ഥലം ഉപയോഗ ശൂന്യമായി, അത് വേണ്ടായിരുന്നു തുടങ്ങിയ നിരവധി പരാതികള്‍ മാത്രം ബാക്കിയാവുന്നു.

ഇതിനു മാറ്റം വരാന്‍ എന്താണ് വഴി? പരാതികളില്ലാത്ത ഒരു വീട് പണിതുയര്‍ത്താന്‍ എന്തെല്ലാം ചെയ്യണം? ചിലവാക്കുന്ന പണത്തിനനുസരിച്ച് മൂല്യമുള്ള വീട് എങ്ങിനെ നിര്‍മിക്കാം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. താഴെ നല്‍കുന്ന ടിപ്‌സുകള്‍ വീട് നിര്‍മ്മാണസമയത്ത് പ്രായോഗികമാക്കുവാന്‍ നിങ്ങള്‍ സന്നദ്ധനാണെങ്കില്‍ വീടുപണി ബാലികേറാ മലയല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. മാത്രവുമല്ല, വീടുനിര്‍മ്മാണം ആസ്വദിക്കുവാനും സാധിക്കും.

1. വ്യക്തതയുള്ള പ്ലാന്‍ തീരുമാനിക്കുക

പ്ലാനുകള്‍ നെറ്റില്‍ തിരയുന്നതിന് പകരം കഴിവും പരിചയസമ്പന്നതയുമുള്ള ഒരു എന്‍ജീയറെകണ്ട്, വീട്ടുകാരുടെ ആവശ്യങ്ങളും സൗകര്യങ്ങളും അറിയിച്ച് വരപ്പിക്കുകയാണ് വേണ്ടത്. കുറ്റമറ്റ ഒരു പ്ലാന്‍ വീടുനിര്‍മ്മാണചിലവ് വളരെയധികം കുറക്കും. മികച്ച പ്ലാന്‍ ഉപയോഗിച്ചല്ല നിങ്ങള്‍ വീട്ുപണിയുന്നത് എങ്കില്‍ ഇടക്ക് പൊളിക്കളും കൂട്ടിച്ചേര്‍ക്കലുമെല്ലാം വേണ്ടിവരും. ഇത് നിങ്ങളുടെ പണം ചോര്‍ത്തുമെന്നുറപ്പ്.

2. പരിചയസമ്പന്നതയുള്ള എന്‍ജിനീയറുടെ സേവനം തേടുക
അംഗീകൃത യോഗ്യതകളുള്ള പരിചയസമ്പന്നനായ എന്‍ജീനീയര്‍ / ആര്‍ക്കിടെക്ട് എന്നിവരുടെ സേവനം പ്ലാനിങ് മുതല്‍ തന്നെ തേടുക. ഏതെങ്കിലും കോണ്‍ട്രാക്ടറെ എല്ലാം ഏല്‍പിച്ചാല്‍ സംഗതി പാളും.

3. റൂമുകള്‍ കുറക്കുക
വീട്ടിലെ എല്ലാവര്‍ക്കും ഓരോ മുറി, പിന്നെ ഒരിക്കലും വരാത്ത അതിഥിക്ക് വേണ്ടി ഒരു ഗസ്റ്റ് റൂം, ഒരാവശ്യവുമില്ലാത്ത വലിയ സിറ്റൗട്ട്, പിന്നെ ഒരു ബാല്‍ക്കണി ഇങ്ങനെ മലയാളി വീടുവെക്കുമ്പോള്‍ മുറികളുടെ ഒരു ഘോഷയാത്രതന്നെ കാണാം. ഇത് അധിക ചിലവിന് കാരണമാവുന്നു. ഓരോ മുറിയുടെയും ആവശ്യം മനസ്സിലാക്കി റൂമുകള്‍ പ്ലാന്‍ ചെയ്യുക. പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ മള്‍ട്ടിപര്‍പ്പസ് ഇടങ്ങള്‍ നിര്‍മിക്കുന്നത് ചിലവ് കുറക്കാന്‍ സഹായിക്കും.

4. മരത്തിന്റെ ഉപയോഗം പരമാവധി കുറക്കുക
വീടുനിര്‍മ്മാണത്തിന്റെ ചിലവിന്റെ 20 ശതമാനത്തോളും മരത്തിന് വേണ്ടി ചിലവാകുന്നുണ്ടെന്നാണ് കണക്ക്. പൊങ്ങച്ചം കാണിക്കാന്‍ എല്ലാ വാതിലും ജനലുകളും തേക്കില്‍ തന്നെ പണിതാല്‍ ചിലവ് പിടിച്ചാല്‍ കിട്ടില്ല. മുന്‍ഭാഗത്ത് മാത്രം നല്ല വാതില്‍ കൊടുത്ത്, അകത്തളങ്ങളില്‍ വില കുറഞ്ഞ സ്‌കിന്‍ ഡോറുകള്‍ പിടിപ്പിച്ചാല്‍ ചിലവ് കുറക്കാം.

5. നിര്‍മ്മാണസാമഗ്രികള്‍ പുനരുപയോഗിക്കാം

കല്ലും മരവുമെല്ലാം പുതിയത് വാങ്ങിത്തന്നെ വീടുപണിയണമെന്നില്ല്. പൊളിച്ചുകളഞ്ഞ പഴയ വീടിന്റെ തടിയും കല്ലുകളും ഉപയോഗിക്കുന്നത് ചെലവുകുറക്കാന്‍ സഹായിക്കും.

6. സണ്‍ഷേഡ് വേണ്ട

വീടിന് ചുറ്റും അരഞ്ഞാണം കെട്ടിയ പോലെ സണ്‍ഷേഡ് / റെയിന്‍ ഷേഡ് നിര്‍മിക്കേണ്ട ആവശ്യമില്ല. മഴയും വെയിലും കൂടുതലായി അടിക്കുന്ന ഭാഗത്തെ ജനലുകള്‍ക്ക് മാത്രം ഇവ നല്‍കിയാല്‍ ചിലവ് കുറക്കാം.

7. എന്തിന് പര്‍ഗോള?

തലങ്ങും വിലങ്ങും പര്‍ഗോളകളാണ് ഇന്ന് കേരളത്തിലെ വീടുകളില്‍. പര്‍ഗോള ഇല്ലെങ്കില്‍ മോശമല്ലേ എന്ന തരത്തിലാണ് മലയാളികള്‍. അനാവശ്യമായും ഭംഗിക്കും വേണ്ടി പര്‍ഗോളകള്‍ നിര്‍മിക്കുന്നത് ചിലവ് കൂട്ടുകയേയുള്ളൂ.

ഇനിയും നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. ഏതായാലും വീടുപണി തുടങ്ങുന്നതിന് മുമ്പ് കുറച്ച് ഹോംവര്‍ക് ചെയ്യുന്നത് നല്ലതായിരിക്കും എന്ന് ഓര്‍മപ്പെടുത്തുന്നു.

Leave a Reply

1 Comment on "വീടുപണി ചിലവ് എങ്ങിനെ കുറക്കാം"

avatar
  Subscribe  
newest oldest most voted
Notify of
SUJEESH
Guest

THANK YOU FOR YOUR VALUABLE TIPS

error: Content is protected !!