അലങ്കാരങ്ങള്‍ കുപ്പിയിലാക്കാം

പലതരത്തിലും നിറത്തിലും രൂപത്തിലും എവിടെ നോക്കിയാലും നിറഞ്ഞു കിടക്കുന്ന കുപ്പിക്കാഴ്ചകള്‍ ഒന്നു മാറ്റി പിടിക്കാം. പഴയ കുപ്പിയില്‍ അല്‍പം കലാവിരുതുകള്‍ കാട്ടിയാല്‍ അകത്തളം ആകര്‍ഷകമാക്കാനുള്ള ഷോ പീസ് റെഡി. പായ്കപ്പലും കൗതുകം തോന്നുന്ന ചെറു രൂപങ്ങളും കഥകളിയും തുടങ്ങി കുപ്പിക്കുള്ളില്‍ തീര്‍ത്ത മനോഹരമായ കരകൗശലവസ്തുക്കള്‍ വിപണിയിലുണ്ട്. എന്നാല്‍ നമ്മള്‍ വലിച്ചെറിയുന്ന കുപ്പികളെ അല്‍പം ക്ഷമയുമുണ്ടെങ്കില്‍ വ്യത്യസ്തമായ അലങ്കാരവസ്തുവാക്കാം.

കുപ്പിക്കുള്ളില്‍ കുഞ്ഞു പൂന്തോട്ടം വരെ ഉണ്ടാക്കാം. അടപ്പുഭാഗം വിസ്താരണമുള്ള കുപ്പിക്കുള്ളില്‍ ചരല്‍ക്കല്ലുകളും അതിനു മീതെ കരിക്കഷ്ണങ്ങളും നിരത്തുക. ഇവക്കു മീതെ മണ്ണ് ,മണല്‍ ,കുറച്ചു ജൈവവളം എന്നിവയുടെ മിശ്രിതം നിറച്ച് വലുപ്പം കുറഞ്ഞ ഇലച്ചെടികള്‍ വെക്കാം. കുപ്പി പൂന്തോട്ടത്തിനുള്ളില്‍ ഭാവനക്കനുസരിച്ച് ചെറിയ പ്രതിമകളോ ചിപ്പികളോ ഒക്കെ വെച്ച് ഭംഗി കൂട്ടാവുന്നതാണ്. കുപ്പി ഉദ്യാനത്തെ മുറിക്കുള്ളിലെ നേരിട്ടല്ലാതെ സൂര്യപ്രകാശം കിട്ടുന്ന രീതിയില്‍ ജനാലക്കരികോ ടേബിള്‍ ടോപ്പിലോ വെക്കാം.

പഴയ കുപ്പികള്‍ അലങ്കരിച്ച് ഷോക്കേസുകള്‍, കൂര്യോസുകള്‍, നിഷേ സ്‌പേസുകള്‍ എന്നിവടങ്ങളെ ആകര്‍ഷമാക്കാം. മ്യൂറല്‍, വിവിധ ശൈലിയിലുള്ള ഹാന്‍ഡ് പ്രിന്റുകള്‍, കടലാസ്, വര്‍ണനൂലുകള്‍, മുത്തുകള്‍കൊണ്ടും തിളക്കമുളള തരികള്‍കൊണ്ടുമുള്ള വര്‍ക്കുകള്‍ എന്നിവ ചെയ്ത് കുപ്പികളെ മനോഹരമാക്കാം.

കുപ്പികള്‍ക്ക് പുറത്ത് ചെറിയ കലാവിരുതുകള്‍ നടത്തിയാല്‍ അതിനെ മനോഹരമായ ഫ്‌ളവര്‍ വേസായി ഉപയോഗിക്കാം.

കുപ്പികള്‍ക്ക് അല്‍പം രൂപഭേദം വരുത്തിയാല്‍ ലാംമ്പ് ഷെയ്ഡുകളായും ഉപയോഗപ്പെടുത്താന്‍ കഴിയും. ചെറിയ എല്‍.ഇ.ഡി ലൈറ്റുകള്‍ കുപ്പിക്കുള്ളില്‍ വെച്ചും ആകര്‍ഷകമായ ബെഡ് ലൈറ്റുകള്‍ ഉണ്ടാക്കാം.

പഴയ വൈന്‍ കുപ്പികള്‍ വീട്ടിനുള്ളില്‍ വെക്കുന്ന ജല സസ്യങ്ങള്‍ നടാന്‍ ഉപയോഗിക്കാം. കുപ്പിയും സസ്യവും പരസ്പരം പൂരകങ്ങളായി മുറിക്ക് ഭംഗി നല്‍കും. ക്രിയാത്മകമായി സജ്ജീകരിക്കുകയാണെങ്കില്‍ പ്രകൃതിയുടെ സൗന്ദര്യം മുറിക്കുള്ളില്‍ സൃഷ്ടിക്കാന്‍ കഴിയും. ജനാലക്കരികില്‍ ചെറിയ വള്ളിചെടികള്‍ നടാനും മനോഹരമായ കുപ്പികള്‍ ഉപയോഗിക്കാം.

ഡൈനിങ് ടേബിള്‍ അലങ്കരിക്കാന്‍ നിറമില്ലാത്ത കുപ്പികള്‍ക്കുളളില്‍ പല നിറങ്ങളിലുള്ള ധാന്യങ്ങളോ വിത്തുകളോ മാസലകളോ ഇട്ട് അലങ്കരിക്കാം. അടുക്കള ഒരുക്കുന്നതിനും വ്യത്യസ്ത ആകൃതിയിലുള്ള കുപ്പികള്‍ ഉപയോഗിക്കാം. കുപ്പികളില്‍ വെള്ളം നിറച്ച് ഇഷ്ടമുള്ള നിറങ്ങള്‍ ചേര്‍ത്തും അകത്തളങ്ങള്‍ മനോഹരമാക്കാം.

അവലംബം മാധ്യമം ഗൃഹം

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!