അടുക്കളയുടെ അഴകിന് ഗ്രാനൈറ്റ് വര്‍ക്ക്‌ടോപ്…

പ്രൗഢിയും അഴകും അടുക്കുംചിട്ടയുമുള്ള അടുക്കളയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഭക്ഷണം പാചകം ചെയ്യാനും സൂക്ഷിച്ചുവെക്കാനും സാധനങ്ങള്‍ ചിട്ടയോടെ വെക്കാനുമെല്ലാം അതിനൂതന സൗകര്യങ്ങളുമായാണ് പുത്തന്‍ അടുക്കളകള്‍ ഒരുങ്ങുന്നത്. അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇടം കിച്ചണ്‍ വര്‍ക്ക്‌ടോപ്പാണ്. കുക്കിങ് റേഞ്ചും പാത്രം കഴുകുന്ന സിങ്കും മുതല്‍ തേങ്ങ ചുരണ്ടാനുള്ള ചിരവ വരെ ഘടിപ്പിക്കുന്നത് കിച്ചണ്‍ വര്‍ക്ക് ടോപ്പിലാണ്. അടുക്കളയുടെ ആകര്‍ഷണ കേന്ദ്രവും ഈ ഭാഗം തന്നെ.

ഭക്ഷണം പാകം ചെയ്യുന്ന ഇടമായതിനാല്‍ എണ്ണയും വെള്ളവും ചൂടും അഴക്കുമെല്ലാം പുരണ്ട് അലേങ്കാലമാകാനുള്ള സാധ്യത കൂടുതലാണ്. സിങ്കിന്റെ ഏരിയയില്‍ എപ്പോഴും വെള്ളം വീഴുന്നതിനാലും ഓവന്‍, മിക്‌സി തുടങ്ങിയവ കിച്ചണ്‍ ടോപ്പില്‍ വെച്ച് ഉപയോഗിക്കുമെന്നതിനാലും ഈ സ്‌പേസിലേക്ക് ഏറ്റവും മികച്ച മെറ്റീരിയല്‍ തന്നെ തെരഞ്ഞെടുക്കണം. എപ്പോഴും വൃത്തിയാക്കി വെക്കേണ്ട ഭാഗമായതിനാല്‍ കിച്ചണ്‍ വര്‍ക്ക് സ്‌പേസിന് വുഡന്‍-സെറാമിക് ടൈലുകളേക്കാള്‍ ഉചിതം ഗ്രാനൈറ്റാണ്. ഗ്രാനൈറ്റ് നല്‍കുന്ന ലുക്ക് വേറിട്ടതാണ്. രണ്ടോ മൂന്നോ മീറ്റര്‍ നീളമുള്ള ഷീറ്റായി ഗ്രാനൈറ്റ് ലഭ്യമാണ്.

പ്രധാന ഇടമായ വര്‍ക്ക് സ്‌പേസില്‍ ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവ വിരിച്ചാല്‍ അടുക്കളക്ക് നല്ല ലുക്ക് കിട്ടും. മനോഹരമായ പാറ്റേണുകളിലും നിറങ്ങളിലുമുള്ള ഗ്രാനൈറ്റുകള്‍ ഇന്ന് വിപണിയിലുണ്ട്. നിങ്ങളുടെ അകത്തളത്തിന്റ തീമിനനുസരിച്ച് കിച്ചണ്‍ ടോപ്പിനുള്ള ഗ്രാനൈറ്റ് തെരഞ്ഞെടുക്കാം. ഗ്രേ, പിങ്ക്, ബേയ്ജ്, ബ്രൗണ്‍, ഗോള്‍ഡ്, ക്രീം, ബ്ലാക് നിറങ്ങളിലുള്ള ഗ്രാനൈറ്റ് നിങ്ങളുടെ അടുക്കളക്ക് അഴകു നല്‍കും.

നാച്ചുറല്‍ സ്‌റ്റോണായതിനാല്‍ ഗ്രാനൈറ്റിന് നല്ല കടുപ്പമുണ്ട്. അതിനാല്‍ പാത്രങ്ങളോ കനമുള്ള ഉപകരണങ്ങളോ വീണാലും ഇത് പൊട്ടില്ല. ടൈലാണെങ്കില്‍ പെട്ടന്ന് പൊട്ടുകയും പോറല്‍ വീഴുകയും ചെയ്യും. എന്നാല്‍ ഗ്രാനൈറ്റ് വിരിച്ചാല്‍ ഈ കുഴപ്പങ്ങള്‍ ഒഴിവാക്കാം.

ഗ്രാനൈറ്റിന് ചൂടിനെ ചെറുക്കാനുള്ള കഴിവുണ്ട്. എത്ര ചൂടുള്ള വസ്തുവും പേടികൂടാതെ കിച്ചണ്‍ ടോപ്പില്‍ വെക്കാം. ടൈലില്‍ ചൂടുള്ള പാത്രങ്ങള്‍ സ്ഥിരമായി വെക്കുകയാണെങ്കില്‍ അവിടം നിറമങ്ങി കേടാകും. എന്നാല്‍ ഗ്രാനൈറ്റില്‍ ചൂടുള്ള വസ്തുക്കള്‍ വെച്ചാലും നിറം മങ്ങുകയോ പാടുവീഴുകയോ ചെയ്യില്ല.

ഗ്രാനൈറ്റാണ് കിച്ചണ്‍ ടോപ്പിലെങ്കില്‍ വൃത്തിയാക്കാനും എളുപ്പമാണ്. ഗ്രാനൈറ്റ് മിനുസമേറിയതായതിനാല്‍ കറപിടിക്കില്ല. വെള്ളം, എണ്ണ, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവ വീണാലും അനായാസം തുടച്ചെടുക്കാന്‍ കഴിയും. ഗ്രാനൈറ്റ് തറക്ക് തിളക്കം കിട്ടാന്‍ ആല്‍ക്കഹോള്‍ ക്ലീനറുകളും ഉപയോഗിക്കാം

കടപ്പാട്: മാധ്യമം ഗൃഹം

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!