സ്വപ്‌നങ്ങള്‍ തളരാതെ നോക്കുക…


ഇന്ത്യയിലും വിദേശത്തുമായി ആഡംബരവീടുകളും ഹോട്ടലുകളും ഷോപ്പിങ് മാളുകളും രൂപകല്‍പന ചെയ്ത പി.ആര്‍..ജൂഡ്‌സണ്‍ വീട് നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു

ജീവിതസമ്പാദ്യമെല്ലാമെടുത്ത് വീടു നിര്‍മിക്കുമ്പോഴും പച്ചക്കറി വാങ്ങുന്ന കരുതല്‍പോലും പലരും കാണിക്കുന്നില്ല. മിക്കവരുടെയും സ്വപ്നങ്ങള്‍ തകര്‍ന്നു വീഴുന്നത് ഇവിടെയാണ്. ഒരു ആര്‍കിടെക്ടിനെയോ വിഷ്വലൈസറെയോ ജോലി ഏല്‍പിക്കുമ്പോള്‍ അങ്ങേയറ്റം കരുതല്‍ വേണം. അവര്‍ മുമ്പ് ചെയ്തിട്ടുള്ള വര്‍ക്കുകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കണം.
തന്റെ ആവശ്യങ്ങള്‍ എന്തായിരിക്കണമെന്ന് ആര്‍കിടെക്ടിന്റെയോ വിഷ്വലൈസറുടെയോ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഉടമസ്ഥന്‍ നാണിക്കേണ്ടതില്ല. ഓരോ പ്രഫഷനനുസരിച്ചും വീട്ടിലെ സൗകര്യങ്ങള്‍ക്ക് മാറ്റംവരും. ഡോക്ടറുടെ കിടപ്പുമുറിയായിരിക്കില്ല എന്‍ജിനീയര്‍ക്കാവശ്യം. അഡ്വക്കേറ്റിനും എഴുത്തുകാരനും ഇത് വ്യത്യസ്തമായിരിക്കും.
വീടിന്റെ പണി തുടങ്ങിയാല്‍, നല്ല ഉദ്ദേശ്യത്തോടെ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും പല നിര്‍ദേശങ്ങളും നല്‍കും. ശുദ്ധത്തം വിനയായി മാറുന്നത് ഇവിടെയാണ്. ഇങ്ങനെയുള്ള പല നിര്‍ദേശങ്ങളും കേട്ട് പണിയില്‍ മാറ്റംവരുത്തി പാതിയില്‍ നിലച്ച വീടുകള്‍ ഏറെയാണ്. ഡിസൈനറെ വിശ്വസിച്ച് പ്‌ളാന്‍ തയാറാക്കിയ ശേഷം മറ്റുപലരുടെയും നിര്‍ദേശങ്ങള്‍ കേട്ട് മാറ്റങ്ങള്‍ വരുത്തുന്നത് പലപ്പോഴും ധനനഷ്ടവും അതിനേക്കാളുപരി കെട്ടിടത്തിന്റെ ഭംഗി കെടുത്തുകയും ചെയ്യും.
വെറുതെ നിറങ്ങള്‍ വാരിക്കോരിയ വീട്ടകങ്ങള്‍ അങ്ങേയറ്റം അരോചകമാണ്. നിറങ്ങളെ ഫലപ്രദമായി സമന്വയിപ്പിക്കുന്നിടത്താണ് ഇന്റീരിയര്‍ ഡെക്കറേറ്ററുടെ വിജയം.
തറയില്‍നിന്ന് തുടങ്ങണം നിറത്തിന്റെ തെരഞ്ഞെടുപ്പ്. തറ വുഡന്‍ നിറത്തിലാണെങ്കില്‍ ചുവരിന് പിങ്കും പച്ചയും പാടില്ല. ഓഫ് വൈറ്റ് അനുയോജ്യമാവും. ഉദയസൂര്യന്‍േറയും അസ്തമയ സൂര്യന്‍േറയും നിറങ്ങള്‍ വ്യത്യസ്തമാണല്‌ളോ. അവയുടെ വിന്യാസവും വേറിട്ടതായിരിക്കണം. ചുവരില്‍ കര്‍ട്ടന്‍,അലമാര,പെയിന്റിങ് എന്നിവ സ്ഥാപിച്ചാല്‍ വളരെ വലിയ മാറ്റങ്ങള്‍ പ്രകടമാകും. ഇവ ഓരോന്നിനും അതിന്‍േറതായ സ്ഥാനമുണ്ട്. പ്രശസ്ത ചിത്രകാരന്മാരുടെ പെയിന്റിങ്ങുകള്‍ കൂടിയ വിലയ്ക്ക് വാങ്ങി സ്വീകരണമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ പലര്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍, മുറിയുടെ പ്രത്യേകതകള്‍ക്ക് യോജിക്കുന്ന ലളിതമായ ചിത്രങ്ങളാണ് എന്തുകൊണ്ടും അഭികാമ്യം.
മുന്‍കാലത്ത് സീലിങ്ങില്‍ അലങ്കാരപ്പണി ചെയ്തായിരുന്നു മേല്‍ഭാഗം മനോഹരമാക്കിയിരുന്നത്. എന്നാല്‍, ഇന്ന് വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ഉപയോഗിച്ച് സീലിങ് തന്നെ ഭംഗിയായി നിര്‍മിക്കാന്‍ കഴിയും. വില അധികമില്ലാത്ത എല്‍.ഇ.ഡി ലൈറ്റുകള്‍ മുറിയുടെ എല്ലാഭാഗങ്ങളിലും വെളിച്ചം പതിക്കത്തക്കവിധം സ്ഥാപിക്കുന്നത് നല്ല അലങ്കാരമാണ്.
അന്ധവിശ്വാസം എന്നു പറഞ്ഞ് ‘വാസ്തു’വിനെ പൂര്‍ണമായും അടച്ചാക്ഷേപിക്കേണ്ടതില്ല. കാറ്റും വെളിച്ചവും കടന്നുവരാന്‍ തക്കവണ്ണം രൂപകല്‍പന ചെയ്യാനായി പൂര്‍വികര്‍ എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞുവെച്ചിട്ടുണ്ടെങ്കില്‍ അത് അവഗണിക്കേണ്ടതില്ല. എന്നാലിന്ന് യുക്തി പാടെ അവഗണിക്കപ്പെടുകയും അന്ധവിശ്വസം കടന്നുവരുന്നതായും കാണുന്നു.
ബജറ്റിലൊതുങ്ങി ഗൃഹനിര്‍മാണം നടത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാം ഡിസൈനര്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ല. ഡിസൈനറുടെ വൈഭവത്തെ തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി പരമാവധി പ്രയോജനപ്പെടുത്താന്‍ ഉടമ ശ്രമിക്കണം. അതേസമയം, ചില കാര്യങ്ങളില്‍ ഡിസൈനര്‍ക്ക് സ്വാതന്ത്ര്യം കൊടുത്തേ പറ്റൂ.
ഏറ്റവുമധികം പണം ചെലവഴിക്കാവുന്നിടമാണ് ഇന്ന് ടോയ്‌ലറ്റുകള്‍. ചെലവിന്റെ കാര്യത്തില്‍ തൊട്ടുപിന്നാലെ കിടപ്പുമുറിയും അടുക്കളയും വരുന്നു. എത്ര ലക്ഷങ്ങള്‍ വേണമെങ്കിലും ഇവിടെ ചെലവഴിക്കാം. ഓരോ പ്രദേശത്തും ലഭ്യമായ കെട്ടിടനിര്‍മാണ സാമഗ്രികള്‍ പ്രയോജനപ്പെടുത്തിയാല്‍ ചെലവ് കുറക്കാം. തറയൊരുക്കാന്‍ 40 രൂപ മുതല്‍ 40,000 രൂപവരെയുള്ള ടൈലുകള്‍ വിപണിയില്‍ ലഭ്യമാണ്. വിലകൂടിയ കര്‍ട്ടന്‍ തീര്‍ച്ചയായും ഭംഗിതന്നെ. അതേസമയം, അമിതവില ഇല്ലാത്ത കൈത്തറി കര്‍ട്ടനുകളും ഭംഗി സമ്മാനിക്കും. ഇന്റീരിയര്‍ ഡെക്കറേഷന് മുളയും ഈറ്റയും മാത്രമല്ല, എളുപ്പം കിട്ടുന്ന തെങ്ങിന്റെ പുറം തോടും ഉപയോഗപ്പെടുത്താന്‍ കഴിയും.

കടപ്പാട് മാധ്യമം ഗൃഹം

Leave a Reply

Be the First to Comment!

avatar
  Subscribe  
Notify of
error: Content is protected !!