ഇടനിലക്കാരില്ലാതെ തടി വാങ്ങാം…

വനംവകുപ്പിന്റെ മരലേലം വഴി ഇടനിലക്കാരില്ലാതെ തടി വാങ്ങാം. ലേലം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കിക്കഴിഞ്ഞു. ഇതോടെ വീട്ടിലിരുന്ന് ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ വില്‍ക്കുന്നതില്‍ നിശ്ചിത ശതമാനം ഗാര്‍ഹിക ആവശ്യക്കാര്‍ക്ക് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. അത് പുതുതായി വീട് വെക്കുന്നവര്‍ക്ക് പ്രയോജനപ്പെടും. അങ്ങനെയുള്ളവര്‍ക്ക് പരമാവധി എട്ട് ക്യുബിക് മീറ്റര്‍ മരം ലഭിക്കും. മരമില്ലുകളില്‍നിന്ന് വാങ്ങുന്നതിനെക്കാള്‍ ലാഭമാണ് ഇത്തരത്തില്‍ മരം വാങ്ങുന്നത്. ക്യുബിക് മീറ്റര്‍ എന്ന കണക്കിലാണ് വില്‍പന. 35 ക്യുബിക് അടിക്ക് സമാനമാണ് ഒരു ക്യുബിക് മീറ്റര്‍.ലേലകേന്ദ്രത്തില്‍ ലോട്ടുകളായി അടുക്കിയ മരം നേരില്‍ കണ്ട് ബോധ്യപ്പെട്ടശേഷം ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാം. വനംവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാനാവുക. 573 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്. അതിനാല്‍ ഒരു തവണ ലേലത്തില്‍ മരം കിട്ടിയില്ലെങ്കില്‍ അടുത്ത തവണ ശ്രമിക്കാം. പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇമെയില്‍ വിലാസം എന്നിവ വേണം. സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ തടിയുടെ ചില്ലറ വില്‍പന നടത്തുന്നുണ്ട്. പരമാവധി അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്കുതടി വാങ്ങാം. രണ്ട് ബി, സി ക്ലാസുകളില്‍പെട്ട തടിയാണ് ഇവിടെ ലഭിക്കുക. മരത്തിെന്റ ഇനം, വണ്ണം, നീളം എന്നിവ കണക്കിലെടുത്താണ് വില നിശ്ചയിക്കുക. സംസ്ഥാനത്ത് ആറ് വനം ഡിവിഷനുകളുണ്ട്. കോഴിക്കോട്, പാലക്കാട്, പെരുമ്പാവൂര്‍, കോട്ടയം, പുനലൂര്‍, തിരുവനന്തപുരം എന്നിവയാണത്. ഓരോ ഡിവിഷനു കീഴിലും നാലോ അഞ്ചോ മരം ഡിപ്പോകളുണ്ട്. തേക്ക്, ഈട്ടി, പ്ലാവ്, ആഞ്ഞിലി, മരുത്, ഇരൂള്‍, വെണ്‍തേക്ക്, ചടച്ചി എന്നിവയാണ് കിട്ടാനിടയുള്ള പ്രധാന മരങ്ങള്‍. വീട്ടാവശ്യമനുസരിച്ചുവേണം ഇനം നിശ്ചയിക്കാന്‍. കട്ടില, ജനല്‍ എന്നിവക്ക് ഉറപ്പുകൂടിയ മരങ്ങളാണ് വേണ്ടത്.ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തേക്ക്, ഈട്ടി എന്നിവ വാങ്ങാന്‍ നിരതദ്രവ്യമായി 50,000 രൂപ അടക്കണം. പടുമരങ്ങള്‍ക്ക് അത് 25,000 രൂപയാണ്. മരങ്ങള്‍ക്കനുസരിച്ച് ലേലംവിളിയില്‍ കൂട്ടിവിളിയിലെ തുക വ്യത്യാസപ്പെടും. വീട്ടിക്കാണെങ്കില്‍ 500 രൂപയാണത്. തേക്കിന് 100. പടുമരം 25. ലേലം നിശ്ചയിച്ച തുകക്ക് പുറമെ 28 ശതമാനം നികുതികൂടി ലേലംകൊണ്ടയാള്‍ അടക്കണം. ഓണ്‍ലൈനായോ ട്രഷറി മുഖാന്തരമോ തുക അടക്കാം. എന്നാല്‍പോലും സ്വകാര്യ മരമില്ലുകളില്‍നിന്ന് വാങ്ങുന്നതിനെക്കാള്‍ വിലക്കുറവില്‍ നല്ല മരം വാങ്ങാം. എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയുള്ള മരങ്ങള്‍ ലോട്ടില്‍ ഒരു കഷണമേ ലേലത്തിന് വെക്കൂ. കൂടുതല്‍ വിവരങ്ങള്‍ വനംവകുപ്പിെന്റ വെബ്‌സൈറ്റില്‍ ലഭിക്കും.

ആദ്യം കണക്കെടുപ്പ്

വീട്ടാവശ്യത്തിന് എത്ര മരം വേണമെന്ന കണക്കെടുപ്പാണ് ആദ്യം വേണ്ടത്. ആശാരിയുടെയോ എന്‍ജിനീയറുടെയോ ആര്‍ക്കിടെക്ടിെന്റയോ സഹായം തേടാം. അത്യാവശ്യം ഫര്‍ണിച്ചറിനുവേണ്ട മരംകൂടി ഒരുമിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. മരം വാങ്ങാന്‍ പോകുമ്പോള്‍ മരത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളെ കൂടെ കൂട്ടണം. മൂന്നു തരത്തില്‍ തടി വാങ്ങാം. മരം ഡിപ്പോയില്‍നിന്ന് വാങ്ങുന്നതാണ് ഒരു രീതി. മരം വാങ്ങി ഈര്‍ച്ചമില്ലില്‍നിന്ന് അറുത്തെടുക്കുന്നതാണ് മറ്റൊന്ന്. വാതിലും ജനലുമടക്കം നിര്‍മിച്ചുവെച്ചവ വാങ്ങുന്നതാണ് അവസാനത്തേത്. വേണ്ടത്ര സമയമുണ്ടെങ്കില്‍ മരം വാങ്ങി അറുത്തെടുക്കുന്നതാണ് ലാഭകരം.

വണ്ണംകൂടിയ മരത്തിനാണ് വില കൂടുതല്‍. വാങ്ങുമ്പോള്‍ വണ്ണം കൂടിയത് വാങ്ങിയാല്‍ വേസ്റ്റ് കുറയും. അതാണ് ആദായകരം. 150 സെന്റിമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള തടി ഒന്നാം ക്ലാസ് പട്ടികയില്‍ വരും. ജനലുകളുടെയും കട്ടിലകളുടെയും നീളവും വീതിയും എല്ലാം ഉറപ്പിച്ചശേഷം വേണം തടി വാങ്ങാനും അറുത്ത് പണിത്തരമാക്കാനും. ഇതില്‍ ശ്രദ്ധ കുറഞ്ഞാല്‍ പണികിട്ടും. മരവുമായി ബന്ധപ്പെട്ട തങ്ങളുടെ ആശയങ്ങള്‍ ആര്‍ക്കിടെക്ടുമായി പങ്കുവെക്കാന്‍ മടിക്കരുത്.

തനിനാടന്‍..

വാതില്‍, ജനല്‍, മേല്‍ക്കൂര, ഫര്‍ണിച്ചര്‍ എന്നിവയാണ് വീടുനിര്‍മാണത്തിലെ മരപ്പണികളില്‍ പ്രധാനം. നിര്‍മാണച്ചെലവിെന്റ 15 ശതമാനം തടിക്ക് വേണ്ടിവരും. മരപ്പണികളെല്ലാം തേക്കില്‍ വേണമെന്ന് വാശിപിടിക്കാതിരുന്നാല്‍ ചെലവ് ഗണ്യമായി കുറക്കാം. ഈട്, ഉറപ്പ്, ഭംഗി എന്നിവ പരിഗണിച്ച് പറ്റിയ മരങ്ങള്‍ ഉപയോഗിക്കാം. കട്ടില, ജനല്‍ എന്നിവക്ക് ഉറപ്പുകൂടിയ മരങ്ങളാണ് വേണ്ടത്. മഹാഗണി, ആഞ്ഞിലി, പ്ലാവ്, കരിമരുത്, ഇരൂള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. ചെലവ് മൂന്നിലൊന്നായി ചുരുങ്ങുന്നത് ചെറിയ കാര്യമല്ലല്ലോ. വാതിലിനും അലമാരക്കും തേക്ക്, പ്ലാവ്, വീട്ടി തുടങ്ങിയവ നന്ന്. ജനല്‍ െഫ്രയിമിന് മഹാഗണിപോലുള്ള തടി ഉപയോഗിക്കാം.

നിറവും ഡിസൈനും നോക്കിയാണ് മരവും മൂപ്പും തിരിച്ചറിയുന്നത്. കറുപ്പുകലര്‍ന്ന നിറമാണ് ഈട്ടിക്ക്. കൂടുതല്‍ വണ്ണമുള്ളവക്ക് ക്യുബിക് അടിക്ക് 5500 രൂപയാണ് പരമാവധി വില. വട്ടത്തിലുള്ള ഡിസൈനും മഞ്ഞകലര്‍ന്ന ബ്രൗണ്‍ നിറവുമാണ് തേക്കിന്. ക്യുബിക് അടിക്ക് 4500 രൂപ വിലവരും. മൂത്ത പ്ലാവിന് മഞ്ഞനിറമാണ്. പരമാവധി വില 1500 രൂപ. പ്ലാവിന്‍ തടിയില്‍ 25, 35 ശതമാനം വെള്ളയുണ്ടാവും. ഇതില്‍ ചിതല്‍ ആക്രമണത്തിന് സാധ്യത ഏറെയാണ്. വെള്ളമരം നിര്‍മാണാവശ്യത്തിന് ഉപയോഗിക്കാനാവില്ല. മൂപ്പെത്താത്ത പ്ലാവിന്‍തടിക്ക് വെള്ളനിറമാകും. ഉറപ്പ് കുറവായതിനാല്‍ നിര്‍മാണത്തിന് ഉപയോഗിച്ചാല്‍ പണികിട്ടും.

ആഞ്ഞിലിക്ക് ഇളം മഞ്ഞനിറവും ശരാശരി 1,800 രൂപ വിലയുമുണ്ട്. സര്‍ക്കാര്‍ പദ്ധതികളില്‍ ഫര്‍ണിച്ചര്‍ നിര്‍മാണത്തിന് അടക്കമുള്ള മര ഉരുപ്പടി ആവശ്യങ്ങള്‍ക്ക് കല്ലന്‍ ആഞ്ഞിലിയാണ് കൂടുതലായി ഉപയോഗിക്കുക. നന്നായി ഉണങ്ങിയശേഷംവേണം മഹാഗണി പണിത്തരമാക്കാന്‍. ക്യുബിക് അടിക്ക് ശരാശരി 1,200 രൂപയാണ് വില. മരുത് മൂന്നുതരമുണ്ടെങ്കിലും മഞ്ഞമരുതാണ് വീട്ടാവശ്യത്തിന് നല്ലത്. 1,500 രൂപയാണ് ശരാശരി വില. പെട്ടെന്ന് വളയാന്‍ ഇടയുള്ളതാണ് മറ്റു മരുതുകളുടെ ദോഷം. വില ഏറ്റക്കുറച്ചിലിെന്റ വ്യത്യാസം മരത്തിെന്റ ഗുണത്തില്‍ പ്രതിഫലിക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ.

മറുനാടന്‍

മലേഷ്യന്‍ ഇറക്കുമതി മരങ്ങള്‍ വ്യാപകമായി മില്ലുകളിലെത്തുന്നുണ്ട്. എത്ര നീളത്തിലും വീതിയിലും വേണമെങ്കിലും കിട്ടും. ഉറപ്പിെന്റ കാര്യത്തില്‍ നാടന്‍ മരങ്ങളുമായി മത്സരിക്കാന്‍ കണക്കാക്കി തന്നെയാണ് ഇവയുടെ വരവ്. ഉരുളന് പകരം സൈസാക്കിയാണ് വില്‍പന. മരമില്ലുകളില്‍നിന്ന് വാങ്ങുന്നവയില്‍ ഒരു കഷണംപോലും പാഴാക്കാനുണ്ടാവില്ല. അതുകൊണ്ടുതന്നെ അവക്ക് വിലയും കൂടും. റിസ്‌ക്ക് എടുക്കാന്‍ തയാറില്ലാത്തവര്‍ക്കാണ് മരമില്ലുകള്‍ തുണയാകുന്നത്.

ഉരുളന്‍ മരമെടുക്കുമ്പോള്‍ 35 ശതമാനത്തോളം വേസ്റ്റ് വരുമെന്നാണ് കണക്ക്. രണ്ടുതവണത്തെ കയറ്റിറക്കും അറുക്കാനുള്ള ചെലവും വാഹനച്ചെലവും കണക്കുകൂട്ടുമ്പോള്‍ മനക്കണക്കിലെ ലാഭം അവിടെ തീരും. മരത്തിലെ കേട്, പൊട്ട് അടക്കമുള്ള മുന്‍കൂട്ടി കാണാനാവാത്ത ചില ഘടകങ്ങള്‍കൂടി വന്നാല്‍ ചെലവ് പിന്നെയും കൂടും. അതിനൊപ്പം നികുതികൂടി ചേരുന്നതോടെ മില്ലില്‍നിന്ന് മരമെടുക്കുന്ന വിലയാകും. പിന്‍കോഡ, കുമരു, ദൗസി, കൊയ്‌ല തുടങ്ങി പലയിനം മരങ്ങളാണ് വിദേശത്തുനിന്നെത്തുന്നത്. മലേഷ്യയില്‍നിന്ന് മാത്രമല്ല യുഗാണ്ടയില്‍നിന്നുപോലും കേരളത്തിലെ മില്ലുകളില്‍ മരം എത്തുന്നുണ്ട്.

തമിഴ്‌നാട്ടില്‍നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന കരിവേലകവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നല്ല മൂപ്പുള്ളതാവണമെന്ന് മാത്രം. പിന്‍കോഡക്ക് ചതുരശ്ര അടിക്ക് 3750 രൂപയാണ് തൃശൂരിലെ പരമാവധി വില. ദൗസിക്ക് 3000 രൂപയും കുമരു, കൊയ്‌ല എന്നിവക്ക് 2500 രൂപയുമാണ് ചതുരശ്ര അടിയുടെ വില. വിദേശമരങ്ങള്‍ സീസണ്‍ ചെത്ത് ഫിംഗര്‍ ജോയന്റ് ചെയ്തവക്ക് 25,30 ശതമാനം വില കുറയും. നിര്‍മാണാവശ്യങ്ങള്‍ക്ക് എല്ലാറ്റിനും ഇവ ഉപയോഗിക്കുകയും ചെയ്യാം. 20 വര്‍ഷവും അതിലേറെയും ഒരു തകരാറുമില്ലാതെ നിലനില്‍ക്കുമെന്ന വ്യവസ്ഥയില്‍ ഇവ വാങ്ങാം.

നോക്കിയാല്‍ നന്ന്

എത്ര തുരത്തിയാലും വീടായാല്‍ ചിതലുണ്ടാകും എന്ന ഓര്‍മ വേണം. മരത്തിെന്റ മുഖ്യശത്രു ചിതല്‍തന്നെ. ചുമരുമായി തട്ടിനില്‍ക്കുന്ന ഭാഗങ്ങളില്‍ കഴിയുന്നതും കാതല്‍ മരങ്ങള്‍ ഉപയോഗിച്ച് ഒരു പരിധിവരെ ചിതലിനെ പ്രതിരോധിക്കാം.

മൂപ്പെത്തിയ മരംവേണം തിരഞ്ഞെടുക്കാന്‍. മൂപ്പെത്താത്തതിന് ഉറപ്പ് കുറയും. വളവും തിരിവുമുള്ളവ വാങ്ങിയാല്‍ വേസ്റ്റ് ഇനത്തില്‍ നഷ്ടം കൂടും. ആവശ്യത്തിനനുസരിച്ച് അറുത്തെടുക്കലും പ്രയാസമാകും. തടിയെപ്പറ്റി നന്നായി അറിയാവുന്നവര്‍ക്ക് തടിയില്‍ തട്ടിനോക്കിയാല്‍തന്നെ ഗുണം അറിയാം. അകംപൊള്ളയാണോ വിണ്ടുകീറിയിട്ടുണ്ടോ എന്നൊക്കെ ഇങ്ങനെ മനസ്സിലാക്കാം.

ചിതല്‍ പിടിക്കാത്തതും കുത്തുവീഴാത്തതുമായ തടി വേണം വാങ്ങാന്‍. തടി അറുത്തുകഴിഞ്ഞാല്‍ കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് അടുക്കിവെക്കണം. വെയിലത്തിട്ട് ഉണക്കരുത്. അടുക്കിവെക്കുന്നത് കൃത്യമായില്ലെങ്കില്‍ തടി വളയാന്‍ ഇടയുണ്ട്. നന്നായി ഉണങ്ങിയശേഷമേ ഉപയോഗിക്കാവൂ.മരപ്പണിക്ക് മെഷീന്‍ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ പണിക്കൂലിയില്‍ ലാഭമുണ്ടാകും. വീടുപണിയുടെ മരപ്പണി റേറ്റിനോ ദിവസക്കൂലിക്കോ എന്ന് ആദ്യം തീരുമാനിക്കണം. റേറ്റിനാണെങ്കില്‍ തുടക്കം മുതല്‍ വീടുപണി തീരുന്നതുവരെയുള്ള നിരക്ക്, ഇനം തിരിച്ച് എഴുതിവാങ്ങണം. പണിക്കിടെ നിരക്ക് നിശ്ചയിക്കുന്നത് നഷ്ടമുണ്ടാക്കാം. നമുക്കാവശ്യമായ പണികള്‍ മാത്രം ചെയ്യിച്ചാല്‍ മതി. പണി തീരുന്നതിനനുസരിച്ച് ഇടപാട് തീര്‍ക്കുക. മുന്‍കൂറായി പണം നല്‍കാതിരിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്എ.കെ. ഗോപാലന്‍
ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, കോഴിക്കോട്
കെ.എസ്. സലീഷ്
അമ്മ വുഡ് ഇന്‍ഡസ്ട്രീസ്, ചൊവ്വൂര്‍, തൃശൂര്‍

ലേഖനം തയാറാക്കിയത്: പിവി അരവിന്ദ്
പ്രസിദ്ധീകരിച്ചത്. മാധ്യമം ഗൃഹം

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!