ഒഴിവാക്കാം അനാവശ്യങ്ങളെ

വീട് നിര്‍മിക്കാന്‍ വേണ്ടി മാത്രമാണോ മലയാളി ജീവിക്കുന്നതെന്ന് തോന്നും ഈ മേഖലയിലെ അവന്റെ താല്‍പര്യവും ആധിയുമെല്ലാം കാണുമ്പോള്‍. സ്വന്തത്തെയും ചുറ്റുപാടുകളെയും മറന്നുള്ള ഗൃഹനിര്‍മാണ സങ്കല്‍പ്പങ്ങളും രീതിയുമെല്ലാം എവിടെനിന്നായാലും അവന്‍ കടംകൊള്ളും. അതുകൊണ്ടുതന്നെ
അനാവശ്യമായ പലതും അവന്‍ മുന്‍പിന്‍ നോക്കാതെ അനുകരിക്കുന്നു. മലയാളിയുടെ ഗൃഹനിര്‍മാണത്തില്‍ ഒട്ടേറെ അപാകതകളുണ്ടെന്ന് പ്രശസ്ത ഗൃഹശില്‍പി ജയന്‍ ബിലാത്തിക്കുളം പറയുന്നു.അതിനുള്ള പ്രതിവിധികളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

1. വീട് സ്വപ്നം കാണുമ്പോള്‍ സ്വന്തം കീശ കുടി നോക്കുക. ടെലിവിഷനിലും സിനിമയിലും മാഗസിനിലുമെല്ലാം കാണുന്ന കൊട്ടാര സദൃശ്യമായ വീടുകള്‍ക്കു പിന്നാലെ മനസ്സിനെ അഴിച്ചുവിടരുത്.
2.ഓരോരുത്തരുടെയും ആവശ്യങ്ങളും താല്‍പര്യങ്ങളും സാമ്പത്തികനിലയും വ്യത്യസ്തമായിരിക്കും. അതിനനുസരിച്ച് വേണം വീടുപണിയാന്‍. നാലംഗങ്ങളുള്ള കുടുംബത്തിന്റെ വീടിന് പത്തുപേര്‍ക്ക് വേണ്ടത്ര വലുപ്പമോ മുറികളോ വേണ്ടതില്ല. ഒരു കാറുപോലുമില്ലാത്തവന്‍ രണ്ടു കാറിന് വേണ്ട പോര്‍ച്ച് നിര്‍മിക്കേണ്ടതുണ്ടോ?.

3. മഴ ധാരാളം കിട്ടുന്ന കേരളത്തില്‍ വീടുകള്‍ക്ക് കൊട്ടത്തളം പോലെ പരന്ന ണ്‍ഷേഡുകള്‍ പണിയുന്നത് അബദ്ധമാണ്.വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാനും ചേര്‍ച്ചയും പൂപ്പലും വരാനുമാണ് ഇത് സഹായിക്കുക.നമുക്ക് വേണ്ടത് മഴവെള്ളം ഒലിച്ചുപോകാന്‍ പാകത്തില്‍ ചെരിഞ്ഞ സണ്‍ഷേഡുകളാണ്.

4.നാലോ അഞ്ചോ പേര്‍ ഏതാനും മിനിറ്റുകള്‍ മാത്രം ഉപയോഗിക്കുന്ന സ്റ്റെയര്‍കേസുകള്‍ വീടുകളില്‍ ഇപ്പോള്‍ നിര്‍മിക്കുന്നത് ആയിരങ്ങള്‍ ദിനംപ്രതി കയറുന്ന ഷോപ്പിങ് കോംപ്‌ളക്‌സുകളിലേതിന് സമാനമായാണ്. ആറോ നാലോ ഇഞ്ച് കനത്തിലാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഒരേ സമയം പരമാവധി 200 കിലോയില്‍ കൂടുതല്‍ ഭാരം കയറാത്ത ഈ ഗോവണികള്‍ക്ക് രണ്ടിഞ്ച് കോണ്‍ക്രീറ്റ് തന്നെ ധാരാളം. പഴയ വീടുകളില്‍ ഇതിലും കനംകുറഞ്ഞ മരപ്പലകകൊണ്ട് പണിത ഗോവണികള്‍ ഓര്‍ക്കുക.
5.പുറത്തേക്ക് തുറന്നുള്ള ബാല്‍ക്കണിയില്ലാത്ത വീടുകള്‍ ഇപ്പോള്‍ കേരളത്തില്‍ പണിയുന്നില്‌ളെന്ന് തന്നെ പറയാം. പക്ഷേ, ഇവിടെ മനുഷ്യരെ കാണുക അത്യപൂര്‍വമായാണ്. കാഴ്ചകള്‍ കാണാനും കാറ്റുകൊള്ളാനുമുള്ളതാണ് ബാല്‍ക്കണി. പക്ഷേ, മിക്ക ബാല്‍ക്കണിയിലേയും കാഴ്ച അടുത്തവീട്ടിലെ അടുക്കളയും കക്കൂസും റോഡരികിലെ ചവറ്റുകൂനയുമെല്ലാമാണ്. ഇതിന് വേണ്ടി എത്ര പണമാണ് വെറുതെകളയുന്നത്.
6.ചില്ലുപതിച്ച ജനലുകള്‍ വെളിച്ചത്തോടൊപ്പം ചൂടും അകത്തേക്ക് കയറ്റിവിടുന്നുണ്ട്. മൂന്നും നാലും കള്ളികളുള്ള ജനലുകളില്‍ മധ്യത്തിലെ വാതില്‍ തുറക്കുന്നത് അപൂര്‍വമാണ്. കൂടുതല്‍ ചില്ലുജനലുകള്‍ കൂടുതല്‍ ചൂടുണ്ടാക്കുന്നു. രണ്ടു വാതിലുള്ള ജനലുകളാണ് അഭികാമ്യം. പറ്റുമെങ്കില്‍ താഴെ പൊളി മരത്തിന്‍േറതാക്കുക.അകം തണുപ്പിക്കാന്‍ ഇത് സഹായിക്കും.

7. നോവലുകളിലോ സിനിമയിലോ സുഹൃത്തിന്റെ വീട്ടിലോ കണ്ട നടുമുറ്റം ഗൃഹാതുരതയോടെ സ്വന്തം വീട്ടിലും പുനഃസൃഷ്ടിക്കാന്‍ വെമ്പുകയാണ് മലയാളി ഇന്ന്. മഴയെ വീട്ടിനകത്ത് കാണണമെന്നാണ് ഇത്തരക്കാര്‍ പറയുക. നമ്മുടെ പഴയ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു നടുമുറ്റമെന്നത് ഇവര്‍ മറന്നുപോകുന്നു. രണ്ടു നില വീടിനാണ് നടുമുറ്റമെങ്കില്‍ 28 അടി ഉയരത്തില്‍ നിന്നാണ് വെള്ളം വീഴുക. മഴത്തുള്ളി കിലുക്കത്തിന്റെ മധുര ശബ്ദമല്ല കുതിച്ചൊഴുകുന്ന വെള്ളത്തിന്റെ ഭീതിദ ശബ്ദമാണ് ഇത് നല്‍കുക. ചുറ്റുമുള്ള വരാന്തയിലും ടൈല്‍സിലുമെല്ലാം വെള്ളം തെറിച്ച് വഴുക്കുണ്ടാക്കുകയും ചെയ്യും. നടുമുറ്റത്തിന് പകരം സൈഡ്മുറ്റമാണ് പുതിയ കാലത്തിന് അനുയോജ്യം.

8. ബാത്ത്‌റൂമിലും അടുക്കളയിലും വരെ മിനുസമേറിയ ടൈലുകളും മറ്റും പതിച്ച് വീടിനെ അപകടമേഖലയാക്കുകയാണ് പലരും. വെള്ളം വീണാല്‍പോലും കാണാത്ത ഇവയില്‍ വഴുതിവീണ് നടുവൊടിഞ്ഞവര്‍ ധാരാളം. പ്രത്യേകിച്ച് പ്രായമായവര്‍. ചുരുങ്ങിയത് അടുക്കളയിലും കുളിമുറിയിലുമെങ്കിലും പരുപരുത്ത ടൈലുകള്‍ ഉപയോഗിക്കുക.

9. നമുക്കെന്തിനാണ് ഗസ്റ്റ്‌റൂം. തിരക്കുപിടിച്ച, അണുകുടുംബങ്ങളുടെ ഇക്കാലത്ത് അതിഥികള്‍ പാര്‍ക്കാന്‍ വരുന്നത് ഏതുവീട്ടിലാണ്. ആര്‍ക്കാണ് അതിന് സമയം. ഇനി വരുന്നുണ്ടെങ്കില്‍ തന്നെ രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ഒന്നോ രണ്ടോ ദിവസം വരുന്നവര്‍ക്ക് വേണ്ടി വലിയൊരു മുറി തയാറാക്കി വെക്കേണ്ടതുണ്ടോ. ആ ദിവസങ്ങളില്‍ എല്ലാവരും ഒന്ന് അഡ്ജസ്റ്റ് ചെയ്യുമ്പോഴല്‌ളേ കുടുംബവും സൗഹൃദവുമെല്ലാം പുഷ്ടിപ്പെടുക.

10.പുതിയ വീടുകളില്‍ കണ്ടുവരുന്ന പ്രവണതയാണ് കമ്പ്യൂട്ടര്‍ റൂം. ഇന്റര്‍നെറ്റ് യുഗത്തില്‍ മക്കള്‍ക്ക് വഷളാകാന്‍ രഹസ്യസൗകര്യമൊരുക്കി കൊടുക്കുകയാണ് യഥാര്‍ഥത്തില്‍ രക്ഷിതാക്കള്‍ ചെയ്യുന്നത്. കമ്പ്യൂട്ടര്‍ എല്ലാവരുടെയും കണ്‍വെട്ടത്ത് ചെറിയൊരു മേശപ്പുറത്ത് വെക്കാവുന്നതേയുള്ളൂ. ഇങ്ങനെ ചെയ്താല്‍ ഒരു മുറിയുടെ സ്ഥലവും ചെലവും ലാഭിക്കാം കുട്ടികള്‍ ചീത്തയാവാതെ വളരുകയുംചെയ്യും.

11.മണിക്കൂറുകളോളം ക്‌ളാസ്മുറിയിലിരുന്ന് മുഷിഞ്ഞുവരുന്ന കുട്ടികളെ പിടിച്ചു തള്ളാനായി നാം വീട്ടില്‍ മറ്റൊരു മുറിയുണ്ടാക്കുന്നുപഠനമുറി. ഇങ്ങനെ തടവറയിലിട്ട് പഠിപ്പിക്കുന്നതിന് പകരം അവരെ തുറന്നുവിട്ടേക്കുക. അവര്‍ ഇഷ്ടമുള്ളിടത്ത് ഇരുന്നോ നടന്നോ പഠിക്കട്ടെ. അതിനെന്തിനാ ഒരു മുറി?

12.കോണ്‍ക്രീറ്റിന് മുകളില്‍ ഓട് പാകി മനോഹരമാക്കുന്ന രീതിയാണ് കേരളത്തില്‍ ഇപ്പോഴത്തെ ട്രെന്റ്. നല്ലതു തന്നെ. പക്ഷെ മുകളില്‍ ഓടുപാകുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ആറിഞ്ചുകനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഏന്തോ വലിയ ആക്രമണം നേരിടാനുള്ള ഒരുക്കം പോലെയാണ് മേല്‍ക്കൂരയുണ്ടാക്കുന്നത്. യഥാര്‍ഥത്തില്‍ ഏതാനും കാക്കകള്‍ക്ക് മാത്രം വന്നിരിക്കാനുള്ള സ്ഥലമാണിത്. ഓടുപാകുന്ന കോണ്‍ക്രീറ്റിന്റെ കനം രണ്ടിഞ്ച് ആക്കിയാല്‍ എത്ര സിമന്റും കമ്പിയും മണലും ലാഭിക്കാം. ആകെ ചെലവ് പകുതിയോളം കുറയും.

അവലംബം: മാധ്യമം ഗൃഹം

Leave a Reply

Be the First to Comment!

avatar
  Subscribe  
Notify of
error: Content is protected !!