സ്റ്റീല്‍ ഫ്രെയിം ജനലുകള്‍ ട്രെന്റാവുന്നു!


മരവും മണ്ണുമെല്ലാം ഭൂമിയുടെ കാഴ്ചവട്ടത്തില്‍ നിന്ന് അന്യമാവുമ്പോള്‍ വീടെന്ന സ്വപ്നം ചിറകു വിടരണമെങ്കില്‍ അല്‍പം വഴി മാറിനടക്കേണ്ടി വരും. അപ്പോള്‍ നിര്‍മാണ സാമഗ്രികളുടെ രൂപവും അവയുണ്ടാക്കുന്ന കാഴ്ചയും മാറുന്നു.

വീടു നിര്‍മാണത്തില്‍ മരത്തിന്റെ ജനലുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന സ്റ്റീല്‍,അലൂമിനിയം ഫ്രെയിം ജനലുകള്‍ ഇപ്പോള്‍ ട്രെന്റായിക്കഴിഞ്ഞു. എന്തൊക്കെയാണ് മരത്തെ അപേക്ഷിച്ച് സ്റ്റീല്‍ ഫ്രെയിം (എം.എസ് ഫ്രെയിം)ജനലുകളുടെ മെച്ചം എന്നു നോക്കാം.

ഇതുവഴി 40 ശതമാനം എങ്കിലും സാമ്പത്തിക ലാഭം നിങ്ങള്‍ക്കുണ്ടാക്കാം. മരം ഫ്രെയിമുകള്‍ നിര്‍മിക്കാന്‍ സമയം കൂടുതല്‍ ആവശ്യമാണ്. എന്നാല്‍, എം.എസ് ഫ്രയിമുകള്‍ക്ക് സമയം അധികം മിനക്കെടുത്തേണ്ടതില്ല. സ്റ്റീല്‍, അലൂമിനിയം ഫ്രെയിമുകള്‍ റെഡിമെയ്ഡ് ആയി കിട്ടുമെന്നതിനാല്‍ വാങ്ങി ഫിറ്റു ചെയ്യുന്ന പണി മാത്രമെ ഉണ്ടാവൂ. സ്റ്റീല്‍ മരത്തെ അപേക്ഷിച്ച് എളുപ്പം ലഭ്യമാവുന്ന അസംസ്‌കൃത വസ്തുവുമാണ്. ഇതിന്റെ ഗുണമേന്മാ പരിശോധനയും എളുപ്പമാണ്.
മഴ,വെയില്‍ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഒരിക്കലും സ്റ്റീല്‍ ഫ്രെയിമുകളെ ബാധിക്കില്ല. ഫിനിഷിംഗ് പ്രവൃത്തികള്‍ക്കും എളുപ്പമാണ് എം.എസ് ഫ്രെയിമുകള്‍. മരമാണെങ്കില്‍ അത് ഫിറ്റ് ചെയ്തതിനുശേഷം പോളിഷ് ചെയ്യുകയോ പെയിന്റടിക്കുകയോ വേണ്ടി വരും. ഇതു തന്നെയാണ് മരത്തെ അപേക്ഷിച്ച് അലൂമിനിയം ഫ്രെയിമുകളുടെയും സവിശേഷതകള്‍.

മരം ഫ്രെയിമുകളേക്കാള്‍ നേര്‍ത്തതായിരിക്കും സ്റ്റീല്‍ ഫ്രെയിമുകള്‍. മരം ഫ്രെയിമിന്റെ അളവ് സാധാരണയായി 2.5X3 ഇഞ്ചാണെങ്കില്‍ സ്റ്റീലിന്റേത് 1X 0.25 ഇഞ്ചായിരിക്കും. ഇത് കാഴ്ചയില്‍ ലാളിത്യമേറ്റുന്നു.
മരം കൊണ്ടുള്ള ഫ്രെയിമുകളുടെ വൈവിധ്യം സ്റ്റീല്‍, അലൂമിനിയം ഫ്രെയിമുകള്‍ക്ക് കിട്ടില്‌ളെന്നത് ഒരു ന്യൂനതയാണ്. എന്നാല്‍, കാഴ്ചാ മികവില്‍ മരത്തെ ഒട്ടും പിന്നിലാക്കാതെ തന്നെ ഇത് വീടിന്റെ ചുവരുകളില്‍ ഇടം പിടിക്കുന്നു. ചെലവു കുറഞ്ഞ വീടുകള്‍ക്കും ആഢംബര വീടുകള്‍ക്കും ഒരു പോലെ ഭംഗിയേറ്റുന്നതാണ് ഈ ഫ്രെയിമുകള്‍.

കടപ്പാട്: മാധ്യമം ഗൃഹം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!