വീടുനിര്‍മ്മാണം ഇനി ഞൊടിയിടയില്‍, GFRG പാനല്‍ വീടുകള്‍

ഇനി വീടുപണിയുടെ ഭീമമായ ചെലവിനെക്കുറിച്ചോ, തുടങ്ങിയാല്‍ അനന്തമായി നീളുന്ന വീടുപണിയെക്കുറിച്ചോ പേടിക്കേണ്ട. സ്വന്തം ബഡ്ജറ്റില്‍ നിന്നുകൊണ്ട് വളരെ വേഗം വീടുപണി പൂര്‍ത്തിയാക്കാന്‍ ഇതാ GFRG വാള്‍ പാനലുകള്‍. ആസ്‌ത്രേലിയന്‍ സാങ്കേതിക വിദ്യയുപയോഗിച്ച് നിര്‍മിച്ച ഗ്ലാസ് ഫൈബര്‍ റിഇന്‍ഫൊര്‍സ്ഡ് ജിപ്‌സം (GFRG )പാനലുകള്‍ കൊണ്ടുള്ള വീടുകളും ബില്‍ഡിംഗുകളും ഇന്ന് കേരളത്തില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിര്‍മ്മാണ ചെലവ് വളരെയധികം കുറച്ച്, വളരെ വേഗം വീടുകള്‍ നിര്‍മിക്കാം എന്നതാണ് GFRG യുടെ ഗുണം. ആധുനിക ശൈലിയിലുള്ള വീടുകള്‍ നിര്‍മിക്കാനും GFRG ഉത്തമമാണ്.

ഫോസ്‌ഫോറിക് ആസിഡ് ഉണ്ടാക്കുമ്പോള്‍ കിട്ടുന്ന ഉപോല്പന്നം ശുദ്ധീകരിച്ച് പൗഡറാക്കി ,വീണ്ടും അത് കുഴമ്പ് രൂപത്തിലാക്കി ഗ്ലാസ് ഫൈബര്‍ ത്രെഡ് കൂട്ടി ചേര്‍ത്ത് സ്റ്റഫ് ചെയ്‌തെടുക്കുന്നതാണ് ജിപ്‌സം പാനല്‍. ഇന്ത്യന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ ടെക്‌നോളജി പ്രൊമോഷന്‍ കൌണ്‍സിലിന്റെ അംഗീകാരം നേടിയ ഈ പാനല്‍ മദ്രാസ് ഐ ഐ ടി കഴിഞ്ഞ പത്തു വര്‍ഷമായി നിരന്തര ഗവേഷണത്തിന് വിധേയമാക്കിയിരുന്നു. ഭൂമികുലുക്കം അനുഭവപ്പെടുന്ന മേഖലകളില്‍ ജിപ്‌സം പാനല്‍ ഉപയോഗിച്ചുള്ള കെട്ടിടം അനുയോജ്യമാണെന്ന് കേന്ദ്ര ശാസ്ത്ര ഗവേഷണ സെന്റര്‍ കണ്ടെത്തിയിട്ടുണ്ട്.

12 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ളവയാണ് GFRG പാനലുകള്‍. ഇവ ആവശ്യാനുസരണം മുറിച്ചാണ് ഉപയോഗിക്കുന്നത്. വാതില്‍, ജനല്‍ എന്നിവ ഘടിപ്പിക്കാനുള്ള ഭാഗങ്ങള്‍ ഫാക്ടറിയില്‍ നിന്നു തന്നെ കട്ട് ചെയ്താണ് പാനലുകള്‍ വരുന്നത്.

പിന്നീട് തറയില്‍ നിശ്ചിത അകലത്തിലായി നല്‍കിയിരിക്കുന്ന കമ്പികള്‍ക്ക് മുകളിലേക്ക് ക്രെയിനിന്റെ സഹായത്തോടെ ഇറക്കിവെക്കുന്നു. പിന്നീട് മുകളിലെ ഹോളുകളിലേക്ക് കോണ്‍ക്രീറ്റ് മിശ്രിതം നിറക്കുന്നു.

മേല്‍ക്കൂര നിരമിക്കാനും ഇതേ പാനലുകള്‍ ഉപയോഗിക്കാവുന്നതാണ്. GFRG പാനല്‍ കിടത്തി വച്ചതിന് ശേഷം മുകളില്‍ ചെറിയ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നു.


വളരെയധികം ഫിനിഷോടുകൂടി വരുന്ന GFRG പാനലുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് വാള്‍ പുട്ടി, പ്ലാസ്റ്ററിംങ് എന്നിവ ചെയ്യേണ്ടതില്ല. മാത്രവുമല്ല, പെയിന്റിംഗിന് വളരെ കുറച്ചുമാത്രം പണം ചിലവാക്കിയാല്‍ മതിയാകം.

ഇഷ്ടിക ഭിത്തിയേക്കാള്‍ പത്തിലൊന്ന് ഭാരം മാത്രമേ ജിപ്‌സം പാനലിനുള്ളു. ഇഷ്ടിക ഭിത്തിയില്‍ പൊട്ടല്‍ വീഴും പോലെ ഇതിനുണ്ടാവില്ല. സിമന്റ്,മണല്‍ ,വെള്ളം,കമ്പി എന്നിവയും കുറച്ചുമതി. തീ പിടുത്തം,ലീക്കിംഗ്,ചുഴലിക്കാറ്റ് എന്നിവയില്‍ നിന്നും സംരക്ഷണം ,ഭാരക്കുറവ്,ചൂട് ക്രമീകരണം എന്നിവയും നേട്ടമായി പറയാം.ചുരുക്കി പറഞ്ഞാല്‍ നിര്‍മാണ സാമഗ്രികളുടെ അളവ് മറ്റുള്ളവയെക്കാള്‍ കുറച്ചു മതി.124 മി.മീ.കനമുള്ള പാനല്‍ തറയിലും വിരിക്കാം എന്ന മേന്മയും ഇതിനുണ്ട്.

ഏകദേശം 1000 രൂപയാണ് ഒരു ചതുരശ്രമീറ്റര്‍ GFRG പാനലിന്റെ വില.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!